ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ഗോകുലം ഗോപാലനെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ ഉന്നയിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാധ്യമപ്രവര്‍ത്തകനും ശ്രീനാരായണ പ്രവര്‍ത്തകനുമായ ആര്.സി രാജീവ്ദാസ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശോഭാ സുരേന്ദ്രന് മറുപടി നല്‍കിയിരിക്കുന്നത്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച വാക്കുകളല്ല പുറത്ത് വന്നത്. ശോഭാ സുരേന്ദ്രന് ഉന്നയിച്ച പരാമര്‍ശങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്രവും കേരളവും ഭരിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി ഒരേ പോലെ ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഗോകുലം ഗോപാലന്. ഇതിന് മുമ്പും ശോഭാ സുരേന്ദ്രന് ഇതു പോലെ നിരവധി പരാമര്‍ശങ്ങള്‍ ഗോകുലം ഗോപാലനെതിരെ ഉയര്‍ത്തിയിട്ടുണ്ട്. ആരുടെ താത്പര്യം സംരക്ഷിക്കാനാണ് ഇപ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അവര്‍ തന്നെ വ്യക്തമാക്കാണമെന്നും ആര്.സി രാജീവ്ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
പ്രിയ ശോഭാ സുരേന്ദ്രന് ….
”ഇന്ന് ശോഭാജിയുടെ വാര്‍ത്താസമ്മേളനം കണ്ടത് വളരെ വേദനയോടെയാണ്. ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന എണ്ണപ്പെട്ട ബിജെപി നേതാക്കളില്‍ ഒരാളായിരുന്നു ശോഭാജി. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ താങ്കള്‍ നടത്തിയത് ഒരു രാഷ്ട്രീയ നേതാവിന് യോജിച്ച രീതിയില്‍ ഉള്ള പ്രതികരണമായിട്ട് എനിക്ക് തോന്നിയില്ല. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവിന്റെ ഭാഗത്ത് നിന്ന് വരേണ്ട വാക്കുകളല്ല ഇന്ന് ശോഭാജിയില് നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് എനിക്ക് തോന്നിയത്. കഴിഞ്ഞ കാലങ്ങളിലൊക്കെ ശോഭാജിയുടെ പ്രസ്താവനകളില്‍ ഉണ്ടാകുന്ന ചില കാര്യങ്ങളിലെങ്കിലും തിരുത്തല്‍ വേണമെന്ന് ഫോണ്‍ ചെയ്ത് പറയാറുള്ളത് ഓര്‍മ്മയുണ്ടാകുമെന്ന് കരുതുന്നു. ഇത്തരത്തില്‍ ഒരു കുറിപ്പ് വേണ്ടി വന്നതിന് ഒരു കാരണമുണ്ട്. താങ്കള്‍ ഇന്ന് നടത്തിയ പ്രതികരണത്തില്‍ രാജ്യം അറിയുന്ന ഒരു വ്യവസായിയെക്കുറിച്ച് വളരെ തരംതാണ അവസ്ഥയില്‍ നടത്തിയ പ്രതികരണമാണ് എന്നെ ഏറെ വേദനിപ്പിച്ചത്. മറ്റാരുമല്ല, ഗോകുലം ഗോപാലന് സാര്‍. അദ്ദേഹത്തെ കുറിച്ച് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ശോഭാജി സംസാരിച്ചത് വളരെ മോശപ്പെട്ട രീതിയിലായിരുന്നു.
എനിയ്ക്ക് ഗോകുലം ഗോപാലന് സാറുമായി നീണ്ട കാലത്തെ പരിചയമൊന്നുമില്ല. എന്നിരുന്നാലും പരിചയപ്പെട്ട കാലം മുതല്‍ ഗോകുലം സാറിനെ ഞാന്‍ വായിച്ചെടുത്തത് ഇവിടെ ശോഭാ ജിയുടെ അറിവിലേക്ക് കുറിക്കുകയാണ്. എടുത്ത് പറയത്തക്ക യാതൊരു പ്രത്യേകതയും ഉള്ള വ്യക്തിയല്ല ഞാന്‍. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുന്ന വ്യക്തിയാണ്. ഞാന്‍ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങള്‍ ഒന്നും നാളിതുവരെ വഹിച്ചിട്ടുമില്ല. സാധാരണക്കാരില്‍ സാധാരണപ്പെട്ട വ്യക്തിയായ എന്നെപ്പോലും ചേര്‍ത്ത് പിടിച്ച മനുഷ്യത്വം ഉള്ള മനുഷ്യന്. ഗോകുലം സാറിനെ എന്നെപ്പോലെയുള്ള ഒരാളുടെ പിന്‍ബലം ഒരിക്കലും ആവശ്യമില്ലന്നിരിക്കെയാണ് എന്നെ സ്നേഹിക്കുകയും ഉപദേശിക്കുകയും നേര്‍വഴി പറഞ്ഞു തരുകയും ചെയ്തിട്ടുള്ളത്. ഗോകുലം ഗോപാലന് സാറെന്ന മനുഷ്യത്വമുള്ള മനുഷ്യനെ എനിയ്ക്ക് കുറച്ച് കൂടി മനസ്സിലാക്കാന്‍ ദൈവം ഒക്ടോബര്‍ 17-ാം തീയതി ഒരു അവസരം തന്നു.
‘എന്റെ അമ്മ ഒക്ടോബര്‍ 14-ാം തീയതി രാവിലെ ബി.പി യുടെയും ഷുഗറിന്റെയും മരുന്ന് കഴിച്ച് പത്ത് മണിയോടെ അടുപ്പിച്ച് പതിവ് രാവിലത്തെ ഉറക്കത്തിനായി കിടന്നു. അമ്മ ചുമക്കുന്നത് കേട്ട് എന്റെ സഹോദരിയെത്തി വിളിക്കുമ്പോള്‍ അമ്മയ്ക്ക് അനക്കമില്ല, കണ്ണ് തുറക്കുന്നില്ല. പെട്ടന്ന് ആംബുലന്‍സ് വിളിച്ച് ബിലിവേഴ്സ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ശരിയായ രീതിയിലുള്ള ചികിത്സ ലഭിച്ചില്ല. പതിനൊന്ന് മണിക്കൂര്‍ കഴിഞ്ഞാണ് എന്താണ് അമ്മയ്ക്ക് സംഭവിച്ചതെന്ന് ബിലിവേഴ്സിലെ ഡോക്ടര്‍മാര്‍ കണ്ട് പിടിച്ചത്. ബ്രയ്നില് സ്ട്രോക്ക് വന്നതാണന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് അങ്ങോട്ടുളള ദിവസങ്ങളില്‍ അമ്മയ്ക്ക് ശരിയായ ട്രീറ്റ്മെന്റ് കിട്ടിയില്ല. അമ്മയുടെ നില വഷളാകുകയും ചെയ്തു. ഇതിനിടയില്‍ സാംസ്ക്കാരിക മന്ത്രി ഏറെ പ്രിയപ്പെട്ട സജി ചെറിയാന് സാറ് വിവരം അറിഞ്ഞ് ബിലിവേഴ്സ് ആശുപത്രിയുടെ അധികാരികളെ വിളിച്ച് വളരെ രൂക്ഷമായ രീതിയില്‍ സംസാരിച്ചു. എന്റെ അമ്മയുടെ ജീവന് രക്ഷിക്കാന്‍ വേണ്ടി സജിച്ചായന്റെ ഇടപെടലും അതിന് ശേഷം ഹിമവല്‍ ഭദ്രാനന്ദ സ്വാമിജി വിവരം അറിഞ്ഞ് എന്നെ വിളിക്കുകയും ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചെയ്തു. എന്നിട്ടും ബിലിവേഴ്സ് അധികൃതര്‍ എന്റെ അമ്മയ്ക്ക് വേണ്ട ചികിത്സകള്‍ നല്‍കിയില്ല .ഇതിനിടലില് ഹിമവല്‍ ഭദ്രാനന്ദ സ്വാമിജി ഗോകുലം ഗോപാലന് സാറിനെ എന്റെ ദയനീയ അവസ്ഥ അറിയിച്ചതൊന്നും ഞാനറിയുന്നില്ല….
ഒക്ടോബര്‍ 17 ന് ഗോകുലം സാറിന്റെ കോള്‍ എന്റെ ഫോണിലേക്ക് വന്നപ്പോള്‍ ഞാനൊന്ന് ആദ്യം ഞെട്ടി. എന്തെന്ന് വെച്ചാല്‍ സാറുമായി എനിക്ക് ഫോണില്‍ സംസാരിക്കാന്‍ പറ്റുന്ന അത്രയും അടുപ്പമില്ല. പ്രത്യേകിച്ച് എന്നെപ്പോലെ സാധാരണപ്പെട്ട ഒരു വ്യക്തിയെ ഫോണില്‍ വിളിക്കാനുള്ള ഒരു സാഹചര്യവുമില്ല. സാറ് എന്നെ വിളിച്ചത് മോനെയെന്നാണ്. എന്താ പറ്റിയതെന്ന് ചോദിച്ചു കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ നിമിഷം തന്നെ കരഞ്ഞു പോയി. അദ്ദേഹം ഞാന്‍ പറഞ്ഞതിന് മറുപടിയായി എന്നോട് പറഞ്ഞത് നിനക്ക് ആശുപത്രി ചിലവിനെക്കുറിച്ചോ പണമില്ലെന്ന തോന്നലോ വേണ്ട. ഗോകുലം മെഡിക്കല്‍ കോളേജ് നിനക്ക് കൂടിയുള്ളതാണ്. അങ്ങനെ പറഞ്ഞപ്പോള്‍ എന്റെ സകല നിയന്ത്രണവും വിട്ടു പോയിരുന്നു. ഉടനെ തന്നെ അമ്മയെ ഗോകുലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റണം എന്ന് സാറ് പറഞ്ഞു. എയര്‍ ആംബുലന്‍സ് വരെ ഏര്‍പ്പാടാക്കാന്‍ ഗോകുലം സാറ് തയ്യാറായന്നത് എന്നെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. ഗോകുലം സാറിന്റെ ഇടപെടല്‍ പെട്ടന്ന് തന്നെയുണ്ടായി. ഗോകുലം മെഡിക്കല്‍ കോളേജിന്റെ വൈസ് ചെയര്മാന് ഡോ:മനോജന് സാറ് വിളിക്കുന്നു. തുടര്‍ന്ന് അങ്ങോട്ട് എല്ലാം പെട്ടന്നായിരുന്നു. അമ്മയെ ഐസിയു ആംബുലന്‍സില്‍ ഗോകുലം മെഡിക്കല്‍ കോളേജില്‍ പെട്ടന്ന് എത്തിച്ചു. ഗോകുലം സാറിന്റെ നിര്‍ദ്ദേശപ്രകാരം ആറ് പ്രധാന ഡോക്ടര്‍മാര്‍ എന്റെ അമ്മയുടെ ജീവന് രക്ഷിക്കാന്‍ വേണ്ടി തയ്യാറായി നിന്നതെന്നത് എന്നെ അത്ഭുതപ്പെടുത്തി. സാധാരണപ്പെട്ട എന്റെ അമ്മയുടെ ജീവന് സാറ് കല്പിച്ചത് വിലമതിക്കാനാവാത്ത പ്രാധാന്യമാണ്. ആ നിമിഷത്തില്‍ ദൈവത്തെ ഞാന്‍ നേരിട്ട് കണ്ടു.. ഗോകുലം ഗോപാലന് സാറിലൂടെ’….
ഒരിക്കല്‍ ഗുരുദേവനെ സന്ദര്‍ശിക്കാന്‍ യൂറോപ്പില്‍ നിന്നും ക്രൈസ്തവ വൈദികനായ ജോസഫ് ആന്‍ഡ്രൂസ് വരികയുണ്ടായി. അദ്ദേഹം ഗുരുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സന്ദര്‍ശക ബുക്കില്‍ ഇങ്ങനെ കുറിച്ചു. ഞാന്‍ ദൈവത്തെ മനുഷ്യ രൂപത്തില്‍ കണ്ടു. മലയാളക്കരയുടെ തെക്കേ അറ്റത്ത് വെച്ചാണ് ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടത്. അത് മറ്റാരുമല്ല അധസ്ഥിത വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി ജന്മം കൊണ്ട ശ്രീനാരായണ ഗുരുവാണന്ന്. യൂറോപ്പ് വൈദികന്റ വാക്കുകളില്‍ മുറുകെപ്പിടിച്ച് പറയട്ടെ…എന്നെപ്പോലെയുള്ളവരുടെ കണ്‍കണ്ട ദൈവമാണ് ഗോകുലം ഗോപാലന് സാറെന്ന ആ വലിയ മനുഷ്യന്. അദ്ദേഹത്തെ വേദനിപ്പിച്ചാല്‍ ശോഭാജി ജീവിതത്തില്‍ ഒരിക്കല്‍പ്പോലും നിങ്ങള്‍ക്കോ നിങ്ങളുടെ സന്തതിപരമ്പരയ്ക്കോ മനസമാധാനം ഉണ്ടാകില്ല. അങ്ങനെ വരാതിരിക്കട്ടെയെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നെപ്പോലെ ആയിരങ്ങള്‍ക്ക് തണലേകുന്ന മനുഷ്യനാണ് ഗോകുലം സാര്‍. എന്റെ അനുഭവം ഇവിടെ കുറിക്കുമ്പോള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു എന്ത് മഹാപാപമാണ് ശോഭാ ജി നിങ്ങള്‍ ചെയ്യുന്നത്. ഒരിക്കലെങ്കിലും ഗോകുലം സാറ് നിങ്ങള്‍ക്ക് എതിരെ വന്നിട്ടുണ്ടോ.. ഇല്ലല്ലോ ? പിന്നെന്തിനാണ് ഒരു പാവം മനുഷ്യനെയും അദ്ദേഹത്തിന്റെ ഫാമിലിയെയും സാറിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പതിനായിരങ്ങളെയും അപമാനിക്കുന്നത് ? മനസ്സിലാകുന്നില്ല..
ഗോകുലം സാറിനെ പരിചയപ്പെട്ടത് എസ്എന്‍ഡിപിയോഗം തിരഞ്ഞെടുപ്പ് നോമിനേഷന് കൊടുത്തതുമായി ബന്ധപ്പെട്ടാണ്. വവ്വാക്കാവിലുള്ള സൗത്ത് ഇന്ത്യന്‍ വിനോദ് സാറിന്റെ വീട്ടില്‍ വെച്ചാണ് ഗോകുലം സാറിനെ നേരിട്ട് അടുത്ത് ആദ്യമായി കണ്ടത്. അന്ന് അദേഹം പറഞ്ഞത് യോഗം തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ വെള്ളാപ്പള്ളിയുടെ എതിര് പാനലാണന്ന് കരുതി ആരെയും കുറ്റം പറയാതെയും മോശം വാക്കുകള്‍ ഉപയോഗിക്കാതെയും വേണം ശ്രീനാരായണ സ്ഥാനത്തിന്റെ പ്രചാരകരാകേണ്ടത്. ഗുരുദേവന്റെ പാത പിന്തുടരുന്നവര് ജാതിയുടെയോ മതത്തിന്റെതോ ആയ വിദ്വേഷ പ്രചരണം നടത്തരുതെന്നാണ് സാറ് പറഞ്ഞു തന്നത്. എന്തിന് വെള്ളാപ്പള്ളി നടേശന് എതിരെ പോലും നിങ്ങള്‍ സംസാരിക്കാന്‍ പാടില്ലെന്നാണ് ഗോകുലം സാറ് പറഞ്ഞത്. ആശയപരമായ രീതിയില്‍ മാത്രം അല്ലാതെ വാക്കുകള്‍ വഴുതാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് സാറ് പഠിപ്പിച്ചു തന്നത്. അത്തരത്തിലുളള നന്മ നിറഞ്ഞ ഒരു വ്യക്തിത്വത്തെ എന്തിനാണ് ശോഭാ ജി ഇങ്ങനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത്? എന്ത് പാപമാണ് നിങ്ങള്‍ സ്വയം ക്ഷണിച്ചു വരുത്തുന്നത്? നിങ്ങളുടെ പിതാവിന്റ പ്രായമുള്ള ഒരു സാധാരണ മനുഷ്യനെ അപമാനിച്ചപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയ സന്തോഷം എന്താണ്?ആരെ തൃപ്തിപ്പെടുത്താനാണ് നിങ്ങള്‍ ഗോകുലം സാറിനെ വേട്ടയാടുന്നത്? എനിയ്ക്ക് ഒന്നും മനസ്സിലാകുന്നില്ല?
രണ്ട് ചാനലില്‍ നിങ്ങളുടെ പ്രസ്താവന കൊടുക്കരുതെന്ന് പറയുമ്പോള്‍ തന്നെ ശോഭാജിയുടെ ഉള്ളിലുള്ള അഹന്ത എത്ര വലുതാണന്ന് വ്യക്തമാണ്. താങ്കള്‍ പറഞ്ഞല്ലോ പതിമൂന്നാമത്തെ വയസ്സില്‍ പൊതുപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ രാജ്യത്ത് പത്രവുമില്ല ചാനലുകളുമില്ലെന്ന്? നിങ്ങള്‍ക്ക് മാധ്യമങ്ങളെ കുറിച്ചു പോലും കൃത്യമായ ഒരു ധാരണ ഇല്ലെന്ന് എനിയ്ക്ക് മനസ്സിലായി. കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങളായ മനോരമയും, മാതൃഭൂമിയും, കൗമുദിയും മലയാളക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടില്‍ ഏറെയായെന്ന് മനസ്സിലാക്കുക. നിങ്ങളുടെ പ്രായത്തിന്റെ ഇരട്ടിയിലേറയാണ് പല പ്രിന്റ്മീഡിയകളുടെയും പ്രായം എന്ന് തിരിച്ചറിയുക. ശോഭാ ജി തന്നെ പല സ്ഥലങ്ങളിലും മാധ്യമങ്ങളുടെ പ്രസക്തി ചൂണ്ടിക്കാട്ടി സംസാരിച്ചിട്ടുള്ളത് ഞാനും കേട്ടിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിന് മുന്‍പ് ശോഭാ ജിയുടെ ഭര്‍ത്താവ് സുരേന്ദ്രന് ചേട്ടന് റിലീസുമായി കേറിയിറങ്ങാത്ത പത്ര ആഭീസുകള് കാണില്ല. ഒരു വരിയിലെങ്കിലും ശോഭാ സുരേന്ദ്രന്റെ പേര് കൊടുക്കണമെന്ന് കാല് പിടിച്ച് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അവിടെ നിന്നും നിങ്ങളുടെ പ്രതികരണങ്ങള്‍ ചാനലുകള്‍ ലൈവ് ടെലിക്കാസ്റ്റിങ്ങിലേക്ക് എത്തിയിട്ടുണ്ടങ്കില്‍ മാധ്യമ സ്ഥാപനങ്ങള്‍ നല്കിയ പിന്തുണയാണന്ന് തിരിച്ചറിയാതെയാണ് ഇന്ന് മണ്ഡത്തരങ്ങള്‍ വിളമ്പിയത്. രണ്ട് ചാനലുകളില്‍ മുഖം കാണിക്കരുതെന്ന് പറയുമ്പോള്‍ എന്റെ മനസ്സില്‍ നിന്നും ശോഭാ സുരേന്ദ്രന് എന്ന വ്യക്തിയെ പുറത്താക്കിയിരിക്കുകയാണ്. എന്താണന്നല്ലേ? മാധ്യമങ്ങളെ പറഞ്ഞതുകൊണ്ടല്ല നിങ്ങള്‍ ആരോടും നന്ദിയില്ലാത്ത വ്യക്തിയാണന്ന തിരിച്ചറിവ് ശോഭാ ജി തന്നെ എനിയ്ക്കും പൊതുസമൂഹത്തിനും വ്യക്തമാക്കി തന്നു. സ്വന്തം പ്രസ്ഥാനത്തിനോട് പോലും കൂറ് കാണിക്കാത്ത പ്രതികരണമായിട്ടാണ് എനിയ്ക്ക് തോന്നിയത്…