സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും കേരളത്തിന് അർഹതപ്പെട്ട അനൂകൂല്യം പോലും കേന്ദ്രം നൽകുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡല്‍ഹിയില്‍ ജനുവരിയില്‍ ചലോ ദില്ലി എന്ന പേരിൽ സമരം ചെയ്യുമെന്നും മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി. ഇന്നു നടന്ന എൽഡിഎഫ് യോഗത്തിനു ശേഷമാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
യുഡിഎഫില്‍ നിന്ന് കേന്ദ്രത്തിന് എതിരെ ശബ്ദം ഉയരുന്നില്ലെന്നും കേന്ദ്ര നയങ്ങള്‍ക്ക് എതിരെ സംസ്ഥാന, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍ വിളിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. നവകേരള സദസിനിടയിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കേന്ദ്ര വിരുദ്ധ സമരത്തിന് ആര് വന്നാലും സഹകരിപ്പിക്കുമെന്നും ധനമന്ത്രി ഇതര സംസ്ഥാനങ്ങളില്‍ പോയി ചര്‍ച്ച നടത്തുമെന്നും ഇപി ജയരാജൻ പറഞ്ഞു.
അതേ സമയം, മന്ത്രിസഭാ പുനസംഘടന ഡിസംബറില്‍ ഉണ്ടാവുമെന്നും ഗണേഷ് കുമാറും, കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്നും ഇപി കൂട്ടിച്ചേർത്തു.