കൊല്ലം: തെന്മലയില്‍ രാത്രിയില്‍ യുവാവിനു നേരെ സദാചാര ഗുണ്ടായിസം. സ്ത്രീസുഹൃത്തിന്റെ വീട്ടില്‍ നിന്ന് യുവാവിനെ വിളിച്ചിറക്കി നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തെന്മല ഇടമണ്ണില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ തെന്മല പൊലീസ് കേസെടുത്തു. പ്രദേശവാസികളായ സുജിത്ത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തിവിരോധമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സ്ത്രീ സുഹൃത്തിന്റെ വീട്ടില്‍ നിഷാദ് ഉണ്ടെന്നറിഞ്ഞ നാല്‍വര്‍ സംഘം കരുതിക്കൂട്ടി അവിടേക്ക് എത്തുകയായിരുന്നു. നിഷാദിന്റെ വസ്ത്രം ബലമായി അഴിച്ചുമാറ്റി മര്‍ദിച്ചു. തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് പ്രതികള്‍ തന്നെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. വാള്‍ ഉപയോഗിച്ച് നിഷാദിനെ വെട്ടാനും പ്രതികള്‍ ശ്രമിച്ചു.