കണ്ണൂര്‍: ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇ പി ജയരാജന്‍. പുസ്തകം പിന്‍വലിച്ച് ഡിസി ബുക്‌സ് മാപ്പ് പറയണമെന്നും പുറത്തുവിട്ട സര്‍വ്വ പോസ്റ്റുകളും ആത്മകഥാ ഭാഗങ്ങളും പിന്‍വലിക്കണമെന്നും ഇപി ജയരാജന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. അഡ്വ. കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
അറിവോ സമ്മതമോ ഇല്ലാതെയാണ് പുസ്തകം പുറത്തുവിട്ടതെന്നും പുസ്തകം പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് ഇപിയുടെ ആവശ്യം. സമൂഹത്തില്‍ തേജോവധം ചെയ്യണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രചരണ ആയുധം നല്‍കുന്നതിനു വേണ്ടിയാണത്. നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് തെറ്റ് പരസ്യപ്പെടുത്തണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം സിവില്‍ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.