Newsperseconds.com

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം; മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

Untitled 1

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്തി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

‘ഏറെ കാലങ്ങളായി ശബരിമല തീര്‍ത്ഥാടകരുടെ നല്ലൊരു ഭാഗം വിമാനമാര്‍ഗമാണ് അവരുടെ യാത്ര നടത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് നമ്മള്‍ ആദ്യമായി ഒരു വിമാനത്താവള ഇടത്താവളം ഒരുക്കുന്നത്. 6000 ത്തോളം ഭക്തരാണ് കഴിഞ്ഞ മണ്ഡല കാലത്ത് സിയാലിലെ ഇടത്താവള സൗകര്യം ഉപയോഗിച്ചത്. ഇത്തവണയും വളരെ മികച്ച സൗകര്യങ്ങളോടെയാണ് സിയാല്‍ ഇടത്താവളം ആരംഭിച്ചിരിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആഭ്യന്തര ആഗമന ഭാഗത്ത്, പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് ഇടത്താവളം ഒരുക്കിയിട്ടുള്ളത് . ഇടത്താവളത്തിനുള്ളില്‍ തന്നെ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സിസ്റ്റം ഒരുക്കിയിരിക്കുന്നു. ഫുഡ് കൗണ്ടര്‍, പ്രീ പെയിഡ് ടാക്‌സി കൗണ്ടര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹെല്പ് ഡെസ്‌ക് എന്നിവയും സമീപത്തു തന്നെ ഒരുക്കിയിട്ടുണ്ട്. സിയാലിലെ 0484 എയ്‌റോ ലോഞ്ചില്‍ കുറഞ്ഞ ചെലവില്‍ താമസസൗകര്യവും തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാകും. 0484 എയ്‌റോ ലോഞ്ചിന്റെ സൗകര്യങ്ങള്‍ 0484-3053484 എന്ന നമ്പറിലും 0484reservation@ciasl.in എന്ന ഇ-മെയില്‍ വഴിയും ബുക്ക് ചെയ്യാം.

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പമ്പയിലേക്ക് ദിവസേനയുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് മന്ത്രി പി. രാജീവ് ഫ്‌ലാഗ് ഓഫ് ചെയ്തു. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് രാത്രി 8 മണിക്ക് പുറപ്പെട്ട് രാവിലെ 2:30 ന് പമ്പയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ വഴിയും നേരിട്ടും ടിക്കറ്റുകള്‍ ലഭ്യമാകും. വിമാനത്താവളത്തില്‍ നിന്നും 30 ല്‍ അധികം യാത്രക്കാരുണ്ടെങ്കില്‍ ചാര്‍ട്ടേര്‍ഡ് ബസ് അനുവദിക്കുന്നതാണ്. www.online.ksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയും , Ente KSRTC Neo-oprs- ആപ്പ് വഴിയും , 9539215231, 9562738311 എന്നീ നമ്പറുകളിലും മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്യാം.

Share this Article

Leave a Comment