ശബരിമല: ശബരിമല പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ടില്‍ ഉള്‍പ്പെട്ട 23 പൊലീസുകാരെ നല്ലനടപ്പിനു ശിക്ഷിച്ചു. നല്ലനടപ്പുപരിശീലനത്തിന് അയക്കാന്‍ എഡിജിപി എസ് ശ്രീജിത്താണ് നിര്‍ദേശം നല്‍കിയത്. കണ്ണൂര്‍ നാലാം ബറ്റാലിയനിലാണ് പരിശീലനം.
എസ്എപി ക്യാമ്പിലെ 23 പൊലീസുകാരാണ് നടയടച്ച ശേഷം പതിനെട്ടാംപടിയുടെ മുകളില്‍ നിന്ന് വരിവരിയായി നിന്ന് ഫോട്ടോയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചതോടെ ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം സന്നിധാനം പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
വ്യാഴാഴ്ച ഹൈക്കോടതിയില്‍ എഡിജിപി വിശദീകരണം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആചാര ലംഘനമാണെന്ന് അറിയില്ലായിരുന്നെന്നാണ് പൊലീസുകാരുടെ വിശദീകരണം. തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റുന്നതിനു നല്ലനിലയില്‍ പ്രവര്‍ത്തിച്ച പൊലീസ് സംഘമാണ് ഇവരെങ്കിലും ഇത്തരം ഫോട്ടോ ഷൂട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഡിജിപി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് അച്ചടക്ക നടപടിയെന്നും അദ്ദേഹം പറഞ്ഞു.