Newsperseconds.com

ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ്; അറിയാം വിശദവിവരങ്ങള്‍

Untitled 1

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് നടത്തേണ്ടത് www.sabarimalaonline.org എന്ന വെബ് സൈറ്റ് വഴിയാണ്. മൊബൈല്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ദര്‍ശനത്തിനുള്ള ദിവസവും സമയവും തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത സമയത്തിന് 24 മണിക്കൂര്‍ മുന്‍പും, സമയം കഴിഞ്ഞ് 24 മണിക്കൂര്‍ പൂര്‍ത്തിയാകും വരെയും പമ്പയില്‍ വെരിഫിക്കേഷന്‍ നടത്തി മലകയറ്റം ആരംഭിക്കാം.

തെരഞ്ഞെടുത്ത സ്ലോട്ടില്‍ ബുക്കിങ് പൂര്‍ത്തിയാക്കിയാല്‍ സ്ഥിരീകരണം ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ ലഭിക്കും. ഇതോടൊപ്പം വിര്‍ച്വല്‍- ക്യൂ പാസ് അപ്പോള്‍ തന്നെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഈ പാസ് പ്രിന്റ് എടുക്കുകയോ മൊബൈലില്‍ പിഡിഎഫ് രൂപത്തില്‍ സൂക്ഷിക്കുകയോ ചെയ്യാം. ദര്‍ശനത്തിനെത്തുമ്പോള്‍ പമ്പയില്‍ വെരിഫിക്കേഷന്‍ കൗണ്ടറില്‍ സര്‍ക്കാര്‍ ഐഡി കാര്‍ഡിനൊപ്പം ഈ പാസ് പരിശോധനയ്ക്കായി നല്‍കണം. അവിടെ അനുമതി കിട്ടിയാല്‍ മല കയറ്റം തുടങ്ങാം. ദര്‍ശന സമയം തെരെഞ്ഞെടുത്ത ശേഷം അപ്പം, അരവണ, മഞ്ഞള്‍, കുങ്കുമം, ആടിയ ശിഷ്ടം നെയ്യ് എന്നിവയും ഓണ്‍ലൈനായി തന്നെ ബുക്ക് ചെയ്യാന്‍ സാധിക്കും. സ്ലോട്ട് ലഭ്യമാണെങ്കില്‍ ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന സമയത്തിന് 24 മണിക്കൂര്‍ മുമ്പു വരെ ഓണ്‍ലൈന്‍ ബുക്ക് ചെയ്യാം. ഒരേ സമയം ഒരു ലോഗിന്‍ ഐഡിയില്‍ നിന്ന് പരമാവധി 10 പേര്‍ക്കുള്ള ദര്‍ശനവും ഒരു ദിവസത്തേക്ക് പരമാവധി അഞ്ച് പേരുടെ ദര്‍ശനവും ബുക്ക് ചെയ്യാം.

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാതെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമുള്ളത്. ആധാര്‍കാര്‍ഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാല്‍ ഫോട്ടോ ഉള്‍പ്പടെ എടുത്ത് വെര്‍ച്ച്വല്‍ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക. പുല്ല്‌മേട് വഴി വരുന്ന തീര്‍ത്ഥാടകര്‍ക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയും. നിലവില്‍ ദിനം പ്രതി 70,000 പേര്‍ക്കാണ് വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നല്‍കുന്നത്. കൂടാതെ തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനാകും. നിലവില്‍ ശബരിമലയിലെത്തുന്ന എല്ലാവര്‍ക്കും ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയ്യപ്പ ഭക്തര്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍കാര്‍ഡിന്റെ കോപ്പി, വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങിന് ലഭിക്കുന്ന സ്ലിപ്പ്, അല്ലെങ്കില്‍ ഫോണില്‍ അതിന്റെ പി.ഡി.എഫ് എന്നിവ കരുതണം.

Share this Article

Leave a Comment