തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ മുന്നറിയിപ്പില്‍ മാറ്റം. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്ക് പുറമേ കാസര്‍കോടും അതിതീവ്ര മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലയിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
നേരത്തെ കാസര്‍കോട് ജില്ലയില്‍ തീവ്രമഴ ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ചാണ് ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ ലഭിക്കുന്ന മഴയാണ് റെഡ് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.