Newsperseconds.com

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലെ ചൂഷണങ്ങള്‍ക്കെതിരെ തിരുത്തല്‍ ശക്തിയായി മാധ്യമങ്ങള്‍ മാറണം; സ്പീക്കര്‍ എ എന്‍ ഷംസീര്‍

Untitled 1

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലെ ചൂഷണങ്ങള്‍ക്കെതിരെ തിരുത്തല്‍ ശക്തിയായി മാധ്യമങ്ങള്‍ മാറണമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഡോ. ബി ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാര വിതരണ ചടങ്ങ് കെടിഡിസി ഗ്രാന്‍ഡ് ചൈത്രത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പിന്നാക്ക വിഭാഗങ്ങള്‍ വന്‍തോതില്‍ ചൂഷണത്തിന് വിധേയപ്പെടുന്ന സാഹചര്യത്തില്‍ അവ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി അവസാനിപ്പിക്കേണ്ടതുണ്ട്. പിന്നാക്ക വിഭാഗക്കാരുടെ കേരളത്തിലെ അവസ്ഥ മെച്ചപ്പെട്ടതാണ്. എന്നിരുന്നാലും വിവിധ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് മുന്നിലെത്തിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇവരെ മുഖ്യധാരയില്‍ എത്തിക്കാന്‍ മാധ്യങ്ങളുടെ സഹകരണം ആവശ്യമാണ്.

മാധ്യമങ്ങള്‍ സത്യം വിളിച്ച് പറയേണ്ടതുണ്ട്. ആരും വിമര്‍ശനത്തിന് അതീതരല്ല. പക്ഷേ കടന്നാക്രമിച്ച് ഇല്ലാതാക്കാതെ വസ്തുതകള്‍ പരിശോധിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. അസത്യത്തെ സത്യമായി പാകപ്പെടുത്തുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. ഇത്തരക്കാരെ സംരക്ഷിക്കുന്നതിനുള്ള മികച്ച പദ്ധതികള്‍ നടപ്പിലാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ചില പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കിവ സര്‍ക്കാര്‍ ശ്രദ്ധയില്‍കൊണ്ടുവരാനാകണം. യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിക്കാതെ സത്യസന്ധമായ കാര്യങ്ങളാണ് മുന്നില്‍ കൊണ്ടുവരേണ്ടത്. മാധ്യമ ധര്‍മത്തിലൂന്നി സത്യത്തിന്റെ പാതയില്‍ മാധ്യമങ്ങള്‍ സഞ്ചരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Share this Article

Leave a Comment