Newsperseconds.com

മോഷ്ടിച്ച ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Untitled 1

തിരുവനന്തപുരം: മോഷ്ടിച്ച ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ വനംവകുപ്പിന്റെ പിടിയില്‍. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോണ്‍ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്‌പെഷ്യല്‍ ഫ്‌ലയിങ് സ്‌ക്വാഡ് പൊക്കിയത്.

രഹസ്യ വിവരത്തെ തുടര്‍ന്നു പ്രദേശത്ത് സ്‌ക്വാഡിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതിനിടെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കള്‍ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാന്‍ എത്തിയവര്‍ ഓടി രക്ഷപ്പെട്ടു. നഗരത്തിലെ ഒരു വീട്ടില്‍ നിന്നാണ് ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് ഇരുവരും നല്‍കിയ മൊഴിയില്‍ പറയുന്നത്. ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share this Article

Leave a Comment