തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശബാന ആസ്മി ചടങ്ങില്‍ മുഖ്യഥിതിയായി. ഹോങ്ങൊങ് സംവിധായക ആന്‍ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി. 13 മുതല്‍ 20 വരെയാണ് മേള നടക്കുന്നത്.
ഐഎഫ്എഫ്‌കെ എന്നാല്‍ കേരളത്തിന് അഭിമാനമുള്ള മേളകളില്‍ ഒന്നാണ്. പല നാടുകളില്‍ നിന്ന് പതിനായിരക്കണക്കിനാളുകളാണ് തലസ്ഥാന നഗരിയില്‍ എത്തുന്നത്. സിനിമ പ്രദര്‍ശനം മാത്രമല്ല ഈ മേളയില്‍ നടക്കുന്നത്. ഇവിടെ നടക്കുന്ന ചര്‍ച്ചകളും അഭിപ്രായം പ്രകടനങ്ങളും പുരോഗമന സ്വഭാവമുള്ളതാണ്. ചലച്ചിത്രമേള എന്നതിനപ്പുറം യുവതി യുവാക്കള്‍ക്ക് കലാസാംസ്‌കാരിക ഫാഷന്‍ രംഗങ്ങളില്‍ ഈ പുതുകാലത്ത് ഉയര്‍ന്നുവരുന്ന ട്രെന്‍ഡുകളെ പരിചയപ്പെടാനും പരിചയപ്പെടുത്താനുമുള്ള വേദി കൂടിയായി ഈ ചലച്ചിത്രോത്സവം മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവിധ ഭേദചിന്തകള്‍ക്കും അതീതമായി യുവാക്കളുടെ കൂട്ടായ്മകള്‍ ഈ മേളകളില്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.