Newsperseconds.com

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കാന്‍ കുടുംബശ്രീയുടെ മൈക്രോപ്ലാന്‍

Untitled 1

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. വയനാട് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുടുബശ്രി മിഷന്‍ തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ പ്രവര്‍ത്തനം മേപ്പാടി എം.എസ്.എ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തബാധിതരുടെ ഉപജീവനത്തിനായുള്ള ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്‌ളാന്‍ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കാന്‍ കൂട്ടായ പരിശ്രമമാണ് നാടെല്ലാം ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനായി കര്‍മ്മ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രീക്ക് സമയബന്ധിതമായി ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിലും നേട്ടം കൈവരിക്കാനായി. ആറ് മേഖലകള്‍ കേന്ദ്രീകരിച്ചുള്ള അതിജീവന പദ്ധതികള്‍ സൂക്ഷ്മതലത്തിലുള്ള പുനരധിവാസം സാധ്യമാക്കും. ജനകീയ ഇടപെടലുകളുടെ മുഖമുദ്രയായ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ജനകീയ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അണിനിരന്നാണ് മൈക്രോ പ്ലാനുകള്‍ ഏകോപിപ്പിച്ചത്. ഇവയുടെ പൂര്‍ത്തീകരണവും മാതൃകാപരമായിരിക്കും. ഒരുഘട്ടം മാത്രമാണ് മൈക്രോപ്ലാനിലൂടെ സാധ്യമാകുന്നത്. ദുരന്തബാധിതരുടെ സ്ഥിര പുനരധിവാസം കുറ്റമറ്റ രീതയില്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ എല്ലാ ആശങ്കകളും ദുരീകരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമാനതകളില്ലാത്ത ദുരന്തം വയനാടിന്റെ ഏക്കാലത്തെയും വേദനയാണ്. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുകയെന്നതും അവര്‍ക്കെല്ലാം സുരക്ഷിത ജീവിതമൊരുക്കുകയെന്നതും നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. സാമ്പത്തികമായും മാനസികമായും സാമൂഹികപരമായും പിന്തുണ നല്‍കി ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നടപടികളെല്ലാം മുന്നേറുകയാണ്. മൈക്രോ പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ ഇതിനെല്ലാം വേഗത കൂട്ടുമെന്നും മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. കുടുബശ്രി പ്രത്യാശ ആര്‍.എഫ് ധനസഹായ വിതരണം അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു.

Share this Article

Leave a Comment