ശിവഗിരി: ശ്രീനാരായണ ഭക്തരുടെ പവിത്രമായ ശിവഗിരി തീര്‍ഥാടനത്തിന് ഇനി ദിവസങ്ങള്‍ മാത്രം. 92-ാമത് ശിവിഗിരി തീര്‍ഥാടന മഹാഘോഷയാത്ര ഡിസംബര്‍ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് നടക്കുക. ശിവഗിരിയിലേക്കുള്ള തീര്‍ഥാടനം ഭക്തരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ പുണ്യകര്‍മ്മമാണ്. ഈ ദിവസങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കം ആളുകള്‍ ശിവഗിരിയിലെത്തും. കേരളത്തിന്റെ നാനാദിക്കില്‍ നിന്നും തീര്‍ത്ഥാടന ദിവസങ്ങളില്‍ ശ്രീനാരായണീയര്‍ പദയാത്രയായി എത്താറുണ്ട്. ഡിസംബര്‍ 30, 31, ജനുവരി 1 തുടങ്ങിയ ദിവസങ്ങളിലാണ് തീര്‍ഥാടനം നടക്കുക. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അരുവിപ്പുറം ക്ഷേത്രത്തിലും മഠത്തിലും വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. തീര്‍ഥാടന ദിവസത്തില്‍ ക്ഷേത്രാങ്കണത്തിലും പരിസരങ്ങളിലുമായി ഇരുന്നൂറില്‍പ്പരം പൊലീസ് ഉദ്യോഗസ്ഥരെവിന്യസിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകീകരണത്തിനായി കണ്‍ട്രോള്‍ റൂം ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
വര്‍ക്കല നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു തീര്‍ഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത്. ശ്രീ നാരായണഗുരു സ്ഥാപിച്ച ശാരദാമഠം എന്നറിയപ്പെടുന്ന മഹാസരസ്വതി ക്ഷേത്രവും, സന്ന്യാസാശ്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദര്‍ശിക്കുന്നതിനായി ധാരാളം പേര്‍ സാധാരണ ഇവിടെയെത്തുന്നുണ്ട്. ശിവഗിരി തീര്‍ത്ഥാടന സമയത്ത് ശ്രീ നാരായണഗുരുവിന്റെ നിര്‍ദ്ദേശപ്രകാരമുള്ള വ്രതാനുഷ്ഠാനങ്ങളൊടു കൂടി ആളുകള്‍ ഇവിടേയ്ക്ക് തീര്‍ത്ഥാടനം ചെയ്യുന്നു. ശ്രീ നാരായണ ഗുരുവിന്റെ അനുയായികളും ശിഷ്യന്മാരും എല്ലാ വര്‍ഷവും ജനുവരി ഒന്നാം തീയതി ശിവഗിരിയിലേയ്ക്ക് തീര്‍ത്ഥാടനം നടത്താറുണ്ട്.