Newsperseconds.com

375 കോടി രൂപയുടെ വായ്പാ വിതരണം; 75,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Untitled 1

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റെ 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാനുള്ള തീരുമാനം നിരവധി വനിതകള്‍ക്ക് സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് വായ്പ സ്വീകരിക്കാനാണ് ഈ ഗ്യാരന്റി അധികമായി അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന അധിക ഗ്യാരന്റി കൂടി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 375 കോടി രൂപയുടെ വായ്പാ വിതരണം ചെയ്യുന്നതിനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യം വയ്ക്കുന്നത്.

ഈ പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ 75,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല ന്യൂനപക്ഷ വിഭാഗത്തിന് 175 കോടി രൂപ വായ്പാവിതരണം നടത്തുന്നതിലൂടെ 34,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനുമാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാളും 6000 ഓളം സ്ത്രീകള്‍ക്ക് അധികമായി മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാന്‍ ഇത് മുഖേന സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ ധനകാര്യ കോര്‍പറേഷനുകളില്‍ നിന്നും വായ്പയെടുക്കുന്നതിലേക്ക് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 980.56 കോടി രൂപയുടെ അധിക ഗ്യാരന്റിയാണ് കോര്‍പ്പറേഷന് അനുവദിച്ച് നല്‍കിയത്. ഇപ്പോള്‍ 175 കോടിയുടെ സര്‍ക്കാര്‍ ഗാരന്റി കൂടി നല്‍കിയതോടെ ആകെ 1295.56 കോടി രൂപയുടെ ഗ്യാരന്റിയാണ് കോര്‍പറേഷനുള്ളത്. ഇത് കോര്‍പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കും.

Share this Article

Leave a Comment