പാലക്കാട്: പ്രശസ്ത നാടക-സിനിമ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാല്‍ക്കണ്ണാടി, നന്ദനം തുടങ്ങി 200 ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിലും വേഷമണിഞ്ഞിട്ടുണ്ട്.
നാടക രംഗത്ത് സജീവമായിരുന്ന മീന ഗണേഷ് 1976 ല്‍ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. 1991ലെ മുഖചിത്രം എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ സജീവമായത്. പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷാണ് ഭര്‍ത്താവ്. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ 5 ദിവസമായി ചികിത്സയിലായിരുന്നു. തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടന്‍ കെ.പി കേശവന്റെ മകളാണ് മീന. സ്‌കൂള്‍ പഠനകാലത്ത് കൊപ്പം ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്.