തിരുവനന്തപുരം: ചൂരല്‍മല പുനരധിവാസത്തിനായി കോടതി തീരുമാനം വന്നാലുടന്‍ ടൗണ്‍ഷിപ്പിനായുള്ള നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പുനരധിവാസത്തിന് സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളില്‍ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങള്‍ നടത്തിയിരുന്നു.
സുരക്ഷാ അനുകൂല റിപ്പോര്‍ട്ട് ലഭിച്ച ഒന്‍പത് പ്ലാന്റേഷനുകളില്‍ നിന്നും നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളില്‍ ടൗണ്‍ഷിപ്പുക്കള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. ടൗണ്‍ഷിപ്പ് ആശയത്തിന് സര്‍വകക്ഷി യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ധാരണ. ഭൂമി വില സംബന്ധിച്ച് ആശങ്കയുള്ളതിനാലാവാം എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതില്‍ കാലതാമസമില്ലാതെ അനുകൂല വിധി കോടതിയില്‍ നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമിയ്ക്ക് നഷ്ട പരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സ്പോണ്‍സര്‍ഷിപ്പിന് സന്നദ്ധത അറിയിച്ച സംസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.