കൊച്ചി: ഗാലറിയില്‍ നിന്ന് താഴെ വീണ് ഉമാ തോമസ് എംഎല്‍എക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും സ്റ്റേജ് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയുമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അപകടമുണ്ടായ സ്ഥലം പരിശോധിച്ചു.
ഗാലറിയുടെ കൈവരി നിര്‍മ്മിച്ചിരിക്കുന്നത് ദുര്‍ബലമായ ക്യൂ ബാരിയേര്‍ഡ് ഉപയോഗിച്ചാണ്. പതിനൊന്ന് അടി ഉയരത്തിലുള്ള ഗാലറി, 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഇന്നലെ വൈകിട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഉമാ തോമസ് എംഎല്‍എ.