തിരുവനന്തപുരം: ഗുരുസമാധിക്ക് വലം വെച്ച് തൊഴുത് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ സാര്‍വദേശീയവും സര്‍വകാലികവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച പ്രസംഗത്തില്‍, ശിവഗിരി മഠത്തിന്റെ സാമൂഹിക ഇടപെടലുകളെ മുഖ്യമന്ത്രി പ്രശംസിച്ചു. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളില്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് സച്ചിദാനന്ദ സ്വാമി മുന്നോട്ടുവെച്ച നിര്‍ദ്ദേശം ഒരു നല്ല സാമൂഹിക മാറ്റത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് ശിവഗിരി മഠം എപ്പോഴും മാതൃകയായിട്ടുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരാധനാലയങ്ങളില്‍ ഉടുപ്പൂരിയെ കടക്കാന്‍ പാടുള്ളൂ എന്ന ഒരു നിബന്ധനക്ക് കാലാനുസൃതമായ മാറ്റം ശ്രീനാരായണഗുരുവിന്റെ സദ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ഇവിടെ സമൂഹത്തിന് മുന്നില്‍ നിര്‍ദേശമായി സച്ചിദാനന്ദ സ്വാമി വച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലായി മാറാന്‍ സാധ്യതയുണ്ട്. ഈ വഴിക്ക് പല ആരാധനാലയങ്ങളും നാളെ വരുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യാഗ്രഹം, ആലുവ സര്‍വ്വമത സമ്മേളനം തുടങ്ങിയ നവോത്ഥാന മുന്നേറ്റങ്ങളുടെ ശതാബ്ദി ഘട്ടത്തിലാണ് ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്. ലോകമെമ്പാടും മതത്തിന്റെ പേരില്‍ തീവ്രവാദവും ഭീകരവാദവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഗുരുവിന്റെ സന്ദേശങ്ങള്‍ക്കുള്ള പ്രസക്തി ഏറെ വലുതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആലുവ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി റോമില്‍ ആഘോഷിച്ചതും മാര്‍പാപ്പ അതില്‍ പങ്കെടുത്തതും മുഖ്യമന്ത്രി അനുസ്മരിച്ചു.