ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഠിനമായ ശൈത്യകാല തണുപ്പ് പിടി മുറുക്കി. കനത്ത മൂടല്‍മഞ്ഞ് ട്രെയിന്‍ വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 24 ട്രെയിനുകളാണ് കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വൈകിയത്.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ഇന്ന് (ജനുവരി 3) രാവിലെ 5.30ന് ഡല്‍ഹിയില്‍ താപനില 9.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനം മൂലം അയോധ്യ എക്സ്പ്രസ് നാല് മണിക്കൂറും ഗോരഖ്ധാം എക്സ്പ്രസ് രണ്ട് മണിക്കൂറിലധികവും ബിഹാര്‍ ക്രാന്തി എക്സ്പ്രസ്, ശ്രം ശക്തി എക്സ്പ്രസ് എന്നിവ മൂന്ന് മണിക്കൂറിലധികവും വൈകിയതായി അധികൃതര്‍ അറിയിച്ചു.
ഫ്‌ലൈറ്റ് റഡാര്‍ 24 പ്രകാരം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിമാനം എത്തിച്ചേരുന്നതിന് ശരാശരി അഞ്ച് മിനിറ്റും പുറപ്പെടുന്നതിന് 11 മിനിറ്റും കാലതാമസം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം പല എയര്‍ലൈനുകളുടെയും സര്‍വീസുകളെ ബാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മോശം കാലാവസ്ഥ അമൃത്സറിലേക്കും ഗുവാഹത്തിയിലേക്കും വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളെയും ബാധിച്ചതായി സ്പൈസ് ജെറ്റ് പറഞ്ഞു.