കൊച്ചി: നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ വ്യവസായി പ്രമുഖന്‍ ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍. പുലര്‍ച്ചെ നാല് മണി മുതല്‍ ഫാം ഹൗസിനു മുമ്പില്‍ പ്രത്യേക അന്വേഷണ സംഘം ബോബി ചെമ്മണ്ണൂരിനെ കാത്തുനില്‍ക്കുകയായിരുന്നു. ഒളിവില്‍ പോകുമെന്ന സൂചന ലഭിച്ചതിനാലാണ് പോലീസ് പുലര്‍ച്ചെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വയനാട്ടിലെ ഫാം ഹൗസില്‍ നിന്ന് കാറില്‍ പുറത്തേക്ക് പോകാനിറങ്ങിയ ബോബിയെ കാര്‍ വളഞ്ഞിട്ട് പോലീസ് പിടികൂടുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേര്‍ന്നാണ് ഇന്നു രാവിലെ ഒന്‍പതു മണിയോടെ ബോബിയെ കസ്റ്റഡിയില്‍ എടുത്തത്.
അതേ സമയം, ബോബിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം ലോക്കല്‍ പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷമാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ബോബിക്കെതിരെ കേസെടുത്തതിനു പിന്നാലെയാണു പൊലീസിന്റെ മിന്നല്‍ നീക്കം. ഹണി റോസിന്റെ പരാതി ലഭിച്ചതിനുപിന്നാലെ ബോബി ചെമ്മണൂരിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഒളിവില്‍ പോകുന്നതിനും മുന്‍കൂര്‍ ജാമ്യത്തിനുമുള്ള നീക്കമാണ് പൊലീസ് പൊളിച്ചത്.