Newsperseconds.com

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

Img 20250208 Wa0077

ആലപ്പുഴ:-ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തോമസ് കെ തോമസ് എംഎൽഎ സന്നിഹിതനായി. ജില്ലയിലെ തൊഴിൽ അന്വേഷകർക്ക് ലഭിക്കുന്ന സുവർണാവസരമാണ് വിജ്ഞാന ആലപ്പുഴ മെഗാ തൊഴിമേളയെന്ന് എം എൽ എ പറഞ്ഞു.

മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച റീൽ എംഎൽഎ ചടങ്ങിൽ പ്രകാശിപ്പിച്ചു. ചേർത്തല ശ്രീനാരായണ കോളേജിലെ മലയാള വിഭാഗം വിദ്യാർഥിനി ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി എൻ അൻസിലയും സുഹൃത്തുക്കളും ചേർന്ന് തയാറാക്കിയ റീൽസാണ് തിരഞ്ഞെടുക്കപ്പെട്ടത്.

യോഗത്തിൽ സബ് കളക്ടർ സമീർ കിഷൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം വി പ്രിയ, ബിനു ഐസക് രാജു, ടി എസ് താഹ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, സബ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിച്ച ലോഗോ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത ലോഗോയുടെ പ്രകാശനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചെങ്ങന്നൂരിൽ നടന്ന ദേശീയ സരസ് മേളയിൽ പി പി ചിത്തഞ്ജൻ എം.എൽ.എ.യ്ക്ക് നൽകി പ്രകാശനം ചെയ്തിരുന്നു. ആലപ്പുഴ തിരുവമ്പാടി സ്വദേശി പരുത്തിപ്പള്ളിയിൽ പി ബി അമൃത് രാജ് തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 21എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. റീൽസ്, ലോഗോ മത്സര വിജയികൾക്ക് ക്യാഷ് പ്രൈസും മോമൻ്റോയും സമ്മാനമായി നൽകും.

Share this Article

Leave a Comment