Newsperseconds.com

ഫയല്‍ നീക്കം വേഗത്തിലാക്കും; ഏകീകൃത കൗണ്ടര്‍ സംവിധാനം തുടങ്ങുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍

K B Ganesh Kumar In Assembly

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിനായി ഏകീകൃത കൗണ്ടര്‍ സിസ്റ്റം ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. ഫയലുകള്‍ പൂള്‍ ചെയ്ത് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും ഇനി മുതല്‍ ആര്‍ടിഒ പരിധി നോക്കാതെ അപേക്ഷകള്‍ തുല്യമായി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതിനാല്‍ ഒരു ജില്ലയില്‍ നല്‍കിയ അപേക്ഷ മറ്റൊരു ജില്ലയിലെ ഉദ്യോഗസ്ഥനാകും പരിശോധിക്കുക.

പുതിയ സംവിധാനത്തോടെ വകുപ്പില്‍ അഴിമതി ഇല്ലാതാകുമെന്നും ഫയല്‍ നീക്കം വേഗത്തിലാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഫയലുകള്‍ തുല്യമായി വിതരണം ചെയ്തതോടെ ഉദ്യോഗസ്ഥരുടെ അമിത ജോലി ഭാരം കുറയുകയും ചെയ്യും. ഫയല്‍ ലഭിച്ച് അഞ്ച് ദിവസത്തിനകം പരിഹാരമില്ലെങ്കില്‍ അത് ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയെന്ന് കണക്കാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള നമ്പറിങ് വ്യവസ്ഥയില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് ഗണേഷ് കുമാര്‍ അറിയിച്ചു. കെഎല്‍-90 എന്നത് ഇനി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്, കെഎല്‍-90എ കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്, കെഎല്‍-90ബി തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക്, കെഎല്‍-90ബിസി പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്കായി അനുവദിക്കും.

അതിനൊപ്പം, സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകള്‍ നീക്കം ചെയ്യുകയും പകരം ജിഎസ്ടി വകുപ്പിന്റെ ക്യാമറകള്‍ ഉപയോഗിച്ച് പെര്‍മിറ്റ് പരിശോധനകള്‍ നടത്തുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചതായും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment