കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതിയായ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി എസ്എഫ്‌ഐ. ഇന്നലെ ചേര്‍ന്ന എസ്എഫ്‌ഐ യൂണിറ്റ് സമ്മേളനത്തിലാണ് ഈ നടപടിയെടുത്തതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അറസ്റ്റിലായ മൂന്ന് പേരും കെഎസ്‌യു നേതാക്കളാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട കെഎസ്‌യു നേതാക്കളുടെ ചിത്രങ്ങളും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
മാധ്യമങ്ങള്‍ കെഎസ്‌യു ബന്ധം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നും കഞ്ചാവ് വേട്ടയെ എസ്എഫ്‌ഐക്കെതിരായ ആയുധമാക്കാനാണ് ശ്രമമെന്നും സഞ്ജീവ് ആരോപിച്ചു. ക്യാമ്പസുകളില്‍ ലഹരി മാഫിയക്ക് സ്ഥാനമില്ല, ലഹരിക്കെതിരായ പോരാട്ടം എസ്എഫ്‌ഐ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.