Newsperseconds.com

കേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; മൂന്ന് ലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

School Uniform

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നു. സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് രാവിലെ 9.30ന് ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ മന്ത്രി രാവിലെ 9 മണിക്ക് ഒന്നാം ക്ലാസിലെ കുട്ടികളെ ഔപചാരികമായി സ്വാഗതം ചെയ്യും. 9.30ന് പ്രവേശനോത്സവഗാനം നൃത്താവിഷ്‌കാരമായി അവതരിപ്പിക്കും. കൊട്ടാരക്കര താമരക്കുടി എസ് വി വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയായ ഭദ്ര ഹരി എഴുതി പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ചിട്ടപ്പെടുത്തിയ ഗാനമാണ് പ്രവേശനോത്സവ ഗാനം. അനു തോമസ്, അലീന മേരി ഷിബു, ജെറിന്‍ ജോര്‍ജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. 

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും. ഇതിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം മുഖ്യമന്ത്രി മന്ത്രി സജി ചെറിയാനെ ഏല്‍പ്പിച്ച് പ്രകാശനം ചെയ്യും. സംസ്ഥാനതല പ്രവേശനോത്സവം എല്ലാ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും.

ജില്ലാതല ചടങ്ങുകള്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് ജി.ആര്‍. അനില്‍, കൊല്ലത്ത് കെ.എന്‍. ബാലഗോപാല്‍, പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്, കോട്ടയത്ത് വി.എന്‍. വാസവന്‍, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, എറണാകുളത്ത് പി. രാജീവ്, തൃശൂരില്‍ അഡ്വ. കെ. രാജന്‍, പാലക്കാട് കെ. കൃഷ്ണന്‍കുട്ടി, കോഴിക്കോട് അഡ്വ. പി.എ. മുഹമ്മദ് റിയാസ്, വയനാട്ട് ഒ.ആര്‍. കേളു, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, കാസര്‍ഗോഡില്‍ എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേതൃത്വം നല്‍കും.

ജനപ്രതിനിധികളുടെയും സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലായിരിക്കും സ്‌കൂള്‍തല പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കുക.

Share this Article

Leave a Comment