തിരുവനന്തപുരം: വഴുതക്കാടുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.30 ന് മണിയൻപിള്ള രാജു പൊലീസ് സ്റ്റേഷനിൽ ഹാജരായി. നടനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും, ചിക്കൻഗുനിയ ബാധിച്ചിരിക്കുകയാണെന്നും നടൻ പറഞ്ഞു.
നടനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിക്കൽ, പ്രാഥമിക ശുശ്രൂഷ നൽകാതിരിക്കൽ, അപകടമുണ്ടായശേഷം വാഹനം നിർത്താതെ പോയി, പൊലീസിനെ വിവരം അറിയിച്ചില്ല തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷം, മദ്യപിച്ചെന്ന് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കാർ വന്നിടിക്കുകയായിരുന്നുവെന്നും, ഇടിച്ചിട്ട ശേഷം ബൈക്കിനെ കുറേദൂരം കാർ നിരക്കി പോയിയെന്നും പരിക്കേറ്റവർ പറയുന്നു.
ഇന്നലെ രാത്രി 9. 45 ഓടെയാണ് മണിയൻപിള്ള രാജു ഓടിച്ച കാർ രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചത്. ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.