Newsperseconds.com

ശബരി റെയിൽപാതയ്ക്ക് ഗ്രീൻ സിഗ്നൽ; 1,900 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി

Indian Railway

തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതിക്ക് സംസ്ഥാന സർക്കാർ നിർണ്ണായക നീക്കം. പദ്ധതിക്കായി 1,900 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി, മന്ത്രിസഭായോഗത്തിന്റെ തീരുമാനമാണ് ഇതിലൂടെ ഔദ്യോഗികമായി നടപ്പാക്കിയത്. ഉത്തരവിന്റെ പകർപ്പ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും കൈമാറിയിട്ടുണ്ട്. കേരളം പദ്ധതിയുടെ നടപടികൾ ആരംഭിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ ഉടൻ അറിയിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

ആകെ 3,800.9 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ പകുതി, ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവും ഉൾപ്പെടെ, സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. റെയിൽപാതയ്ക്കായി ഇനി ഏറ്റെടുക്കേണ്ട 391.6 ഹെക്ടർ ഭൂമിക്കായി 1,361 കോടി രൂപ കിഫ്ബി വഴി അനുവദിച്ച് ഉടൻ ഉത്തരവിറങ്ങും. ആകെ 416 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് ആവശ്യമായത്, ഇതിൽ 24.4 ഹെക്ടർ ഇതിനകം ഏറ്റെടുത്തു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി ഭൂമി ഏറ്റെടുക്കൽ നടക്കും; ഇതിന് റവന്യൂ വകുപ്പ് പ്രത്യേക ഓഫീസറെ നിയമിക്കും.

അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽ പദ്ധതി, മൂന്ന് പതിറ്റാണ്ടിലേറെയായി ഭൂമി ഏറ്റെടുപ്പ് വിജ്ഞാപനത്തിൽ കുടുങ്ങി ദുരിതത്തിലായിരുന്ന ഭൂവുടമകൾക്ക് വലിയ ആശ്വാസമാണ്. ഭൂസൂചിക പദവി ലഭിച്ച വാഴക്കുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പൈനാപ്പിൾ കർഷകർക്ക് പദ്ധതി വലിയ അനുഗ്രഹമാകും. റെയിൽവേ പദ്ധതിക്കായി ഒരു സംസ്ഥാന സർക്കാർ തന്നെ പണം നൽകുന്ന അപൂർവ സാഹചര്യമെന്ന നിലയിൽ, ശബരി റെയിൽ പാത ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിലും ശ്രദ്ധേയമാകുകയാണ്.

Share this Article

Leave a Comment