Newsperseconds.com

ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍, പാലക്കാട് ടൗണ്‍- പറളി ബൈപാസ് ലൈന്‍; 500 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Indian Railway

തൃശൂര്‍: സംസ്ഥാനത്ത് രണ്ട് സുപ്രധാന പദ്ധതികള്‍ക്ക് കൂടി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍, പാലക്കാട് ടൗണ്‍- പറളി ബൈപാസ് ലൈന്‍ എന്നി പദ്ധതികള്‍ക്ക് മന്ത്രാലയം അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. വികസനത്തിന്റെ പാതയില്‍ കേരളത്തിന് കരുത്തേകുന്ന രണ്ട് വലിയ പ്രഖ്യാപനങ്ങളാണിതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 324.16 കോടി രൂപയും പാലക്കാട് ടൗണ്‍ – പറളി ബൈപാസ് ലൈന് (1.80 കി.മീ) 163.57 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. 12.66 കിലോമീറ്ററാണ് ആലപ്പുഴ- അമ്പലപ്പുഴ പാതയുടെ ദൂരം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ എറണാകുളം- തുറവൂര്‍- കായംകുളം റൂട്ടിലെ ഏറ്റവും വലിയ തടസ്സമായിരുന്ന സിംഗിള്‍ ലൈന്‍ കുരുക്കിന് പരിഹാരമാകും. ഒപ്പം പ്രതിദിനം ഇരുവശങ്ങളിലേക്കുമായി ഒന്‍പത് പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കൂടി വഴിതുറക്കും. ചരക്ക് നീക്കം സുഗമമാകുന്നതിലൂടെ റെയില്‍വേയുടെ വരുമാനത്തിലും വലിയ വര്‍ധന ഉണ്ടാവും.
പാലക്കാട് ടൗണ്‍ – പറളി ബൈപാസ് ലൈന്‍ വരുന്നതോടെ പാലക്കാട് ജംഗ്ഷനിലെ ട്രെയിന്‍ എന്‍ജിന്‍ മാറ്റുന്നത് മൂലമുള്ള കാത്തിരിപ്പ് പഴങ്കഥയാകും. പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാസമയം 40-44 മിനിറ്റും ചരക്ക് തീവണ്ടികളുടേത് 120 മിനിറ്റും ലാഭിക്കാന്‍ ഇതുവഴി സാധിക്കും. ഷൊര്‍ണ്ണൂര്‍, തിരുവനന്തപുരം, പൊള്ളാച്ചി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമവും മെച്ചപ്പെടും.

Share this Article

Leave a Comment