കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്.
കേസിൽ അറസ്റ്റിലായ ഷിംജിത 22 ദിവസമാണ് റിമാൻഡിലായി കോഴിക്കോട് ജയിലിൽ കിടന്നത്. 9000 രൂപയുടെ ബോണ്ടും, കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ മാസത്തിൽ രണ്ടു തവണ ഹാജരാകണം എന്നീ ഉപാധികളാണ് ഷിംജിതയ്ക്ക് നിർദേശിച്ചിട്ടുള്ളത്. മാസത്തെ രണ്ടാമത്തെ വെള്ളിയാഴ്ചയും, മാസത്തിലെ അവസാന ആഴ്ചയിലെ ഒരു ദിവസവുമാണ് പൊലീസിന് മുന്നിൽ ഹാജരാകേണ്ടത്.
കേസിൽ കസ്റ്റഡിയിലെടുത്ത ലാപ്ടോപും മൊബൈൽഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വരുന്നതു വരെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പട്ടു. എന്നാൽ 21 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും, ഇനിയും പ്രതി ജയിലിൽ കിടക്കേണ്ട സാഹചര്യമില്ലെന്നും, അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഷിംജിത ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടു.
ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂരില്‍ വെച്ച് തിരക്കുള്ള സ്വകാര്യ ബസില്‍ വെച്ച്, ദീപക് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചുള്ള വീഡിയോ ചിത്രീകരിച്ച് ഷിംജിത മുസ്തഫ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്ത് ഗോവിന്ദപുരം സ്വദേശിയായ ദീപക് വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം
- Related News
- Latest News