കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു പവന്റെ വില 960 രൂപ കുറഞ്ഞ് 1,14,720 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,340 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വലിയ ഉയർച്ചയ്ക്കുശേഷമാണ് ഇന്നത്തെ ഇടിവ് ശ്രദ്ധേയമാകുന്നത്.
വെള്ളിയാഴ്ച രണ്ട് ഘട്ടങ്ങളിലായി പവന് 2,400 രൂപ കുറഞ്ഞിരുന്നെങ്കിലും ശനിയാഴ്ച ഒറ്റയടിക്ക് 1,920 രൂപ ഉയർന്നിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ നേരിട്ട് പ്രതിഫലിക്കുന്നത്; അതുകൊണ്ട് തന്നെ വില ഇപ്പോൾ കൂടിയും കുറഞ്ഞും തുടരുകയാണ്.