തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഫെബ്രുവരി 25 മുതൽ ഈ മാസത്തെ പെൻഷൻ വിതരണം ആരംഭിക്കും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഏകദേശം 62 ലക്ഷം പേർക്കാണ് 2,000 രൂപ വീതം പെൻഷൻ ലഭിക്കുക.
സംസ്ഥാനത്തെ 26.62 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തും. ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തി തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്ക് അവരുടെ അതാത് ബോർഡുകൾ വഴിയാണ് വിതരണം നടത്തുക. ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 8.46 ലക്ഷം പേർക്ക് കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 24.21 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കൃത്യമായി ലഭിക്കാത്തതിനാൽ സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ തുക കേന്ദ്ര സർക്കാരിന്റെ പി.എഫ്.എം.എസ് (PFMS) സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.