തിരുവനന്തപുരം: കടുത്ത വേനൽച്ചൂടിനിടെ സംസ്ഥാനത്ത് മഴയെത്തുന്നു. തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 19 മുതൽ 21 വരെ വിവിധയിടങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നിലവിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്. ഫെബ്രുവരി 18-ഓടെ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഇതിനുപുറമെ തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായിട്ടാണ് സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
20, 21 തീയതികളിൽ ഇടുക്കി ജില്ലയിലും മഴ ലഭിച്ചേക്കാം. വരണ്ട കാലാവസ്ഥ നിലനിൽക്കുന്ന ഫെബ്രുവരി മാസത്തിൽ ഇത്തരത്തിൽ മഴയെത്തുന്നത് വേനൽച്ചൂടിന് വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
വേനൽച്ചൂടിന് ഇടവേള; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, തീരദേശത്ത് ജാഗ്രത നിർദേശം
- Related News
- Latest News