തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് പ്രമുഖ നേതാക്കളെയെല്ലാം കളത്തിലിറക്കാന്‍ ഒരുങ്ങി ബിജെപി. 35 മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറി. ആദ്യഘട്ടത്തില്‍ എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി നീക്കം.
പാര്‍ട്ടിക്ക് ഉയര്‍ന്ന വിജയസാധ്യത കല്പിക്കുന്ന നേമം മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് എന്നിവരുടെ പേരുകളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
വട്ടിയൂര്‍ക്കാവില്‍ ആര് ശ്രീലേഖയുടെ പേരാണ് സജീവപരിഗണനയില്‍. നടന് ജി കൃഷ്ണകുമാറിന്റെയും പേര് ചര്‍ച്ചയിലുണ്ട്. സംസ്ഥാന നേതൃത്വവുമായി ഭിന്നതയിലാണെന്ന സൂചനകള്‍ക്കിടെ ശ്രീലേഖ മത്സരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെങ്കില്‍ മത്സരിക്കാമെന്നാണു വിലയിരുത്തല്‍.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിനെ കോഴിക്കോട്, തൃശൂര്‍ മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്. മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ പേരും തൃശൂരില്‍ ഉയര്‍ന്നിട്ടുണ്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള തിരുവല്ല, പാലാ മണ്ഡലങ്ങളില്‍ അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ചെങ്ങന്നൂരില്‍ പരിഗണിക്കുന്നതായും സൂചനയുണ്ട്.
പാര്‍ട്ടിയുടെ ശക്തമായ വനിതാ മുഖമായ ശോഭാ സുരേന്ദ്രന് കായംകുളം മണ്ഡലത്തില്‍ മത്സരിക്കുമെന്നാണു റിപ്പോര്‍ട്ട്. പാലക്കാട് മണ്ഡലത്തിലും ശോഭയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചതോടെയാണ് കായംകുളത്തെ പരിഗണന. മലമ്പുഴയില്‍ സി കൃഷ്ണകുമാറിന് മുന്‍ഗണനയുണ്ടെന്നാണ് വിവരം.
ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കിയത്. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ പരിഗണിച്ചപ്പോള്‍, പട്ടികയില്‍ ഉള്‍പ്പെട്ടവരെ മാറ്റിനിര്‍ത്തി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പേരുകള്‍ രേഖപ്പെടുത്തിയത്. പട്ടിക ബിജെപി കേന്ദ്രനേതൃത്വം വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാനാണ് ബിജെപി നീക്കം.