കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചൂട് ഉയരുന്നു. വിവിധ പാർട്ടികളിലെ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതോടെ തെരഞ്ഞെടുപ്പ് അങ്കം ശക്തമായ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായ തൃശൂര്‍ മണ്ഡലത്തിൽ കടുത്ത ത്രികോണ മത്സരം രൂപംകൊണ്ടിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ, കോൺഗ്രസ് സ്ഥാനാർത്ഥി രാജൻ ജെ പല്ലൻ, എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. തൃശൂരിൽ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനുള്ള സൂചനകളാണ് ഇതിനോടകം വ്യക്തമായിരിക്കുന്നത്.
മന്ത്രിമാരായ പി. രാജീവ്, പി.എ മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, കെ. രാജൻ, കെ.എൻ ബാലഗോപാൽ എന്നിവരും അവരുടെ നാമനിർദേശ പത്രികകൾ സമർപ്പിച്ചു. പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണൻ ജില്ലാ ലേബർ ഓഫീസർക്ക് മുൻപാകെയാണ് പത്രിക നൽകിയത്.
തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം, അതിനാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ നീക്കങ്ങളും ആവേശകരമായ സംഭവവികാസങ്ങളും പ്രതീക്ഷിക്കാം.