കണ്ണൂർ: സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന നിർണായക തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വികസിത കേരളത്തിലേക്ക് ഉറച്ച ചുവടുകൾ വെച്ചിരിക്കുന്ന സാഹചര്യത്തിൽ, വികസനത്തിന് തുടർച്ച നൽകാൻ ജനങ്ങൾ ആഗ്രഹിക്കുന്നതും അതിനായി എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന വിശ്വാസവുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആർ സി അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ തുടരണമെന്നും വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കേരളത്തിന് വികസനവും പുരോഗതിയും വേണമെന്ന് ജനങ്ങൾക്ക് വ്യക്തമാണ്. അത് മുന്നോട്ടുകൊണ്ടുപോകാൻ എൽഡിഎഫിന് മാത്രമേ കഴിയൂ. എതിര്‍ക്കുന്നവര്‍ പോലും വികസനം ആഗ്രഹിക്കുന്നവരാണ്. അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം നിലകൊള്ളുന്നത് എൽഡിഎഫിന്റെ ഭരണസംസ്കാരത്തിന്റെ ഫലമാണ്,” എന്നും മുഖ്യമന്ത്രി പറഞ്ഞു.
2021ലെ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ എൽഡിഎഫിന് ലഭിക്കുമെന്നും, ജനങ്ങളുടെ പൂർണ്ണ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഞങ്ങൾ ജനങ്ങളോടൊപ്പം; ജനങ്ങൾ ഞങ്ങളോടൊപ്പം. വികസിത കേരളത്തിനായുള്ള പദ്ധതികൾ നടപ്പാക്കാൻ എൽഡിഎഫ് തുടർഭരണം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു.
ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി രാവിലെ എട്ടുമണിയോടെ നേതാക്കളായ സി.എൻ. ചന്ദ്രൻ, കെ.കെ. രാഗേഷ്, പി. ശശി എന്നിവരോടൊപ്പം വോട്ട് രേഖപ്പെടുത്താനെത്തി.