ശബരിമല ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേന്ദ്ര കാര്‍ഷിക സഹമന്ത്രി ശോഭാ കരന്തലാജേ. കറുത്ത മാല ധരിച്ച് ഇരുമുടിയുമായി പതിനെട്ടാം പടികള്‍ കയറിയ മന്ത്രി ശോഭ അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടി. മന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു.
സംസ്ഥാനത്തെ കര്‍ഷകരുടെ ആത്മഹത്യയെ കുറിച്ചും അതിനു ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണെന്നും അവര്‍ ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിക്കുന്നില്ലെന്നും സംസ്ഥാനത്തെ കര്‍ഷകരും സഹകരണ സമിതികളും പ്രതിസന്ധിയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ സര്‍ക്കാര്‍ അടിയന്തരമായി സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരുടെ സാന്നിധ്യത്തില്‍ ശബരിമല, മാളികപ്പുറം ക്ഷേത്ര നടകള്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മണ്ഡല കാല തീര്‍ത്ഥാടനത്തിനായി നട ഇന്നലെ തുറന്നെങ്കിലും പ്രത്യേക പൂജകള്‍ ഒന്നുമുണ്ടായിരുന്നില്ല. വൃശ്ചികം ഒന്നിന് പുലര്‍ച്ചെ മുതല്‍ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത്.