കാസര്‍കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന് അല്‍പ സമയത്തിനകം തുടക്കമാകും. കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെയില്‍ വൈകിട്ട് 3.30 ന് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയാണ് നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തുക.
കാസര്‍കോട്ടെ നാലു മണ്ഡലങ്ങളില്‍ ഞായറാഴ്ച മണ്ഡലസദസ് നടക്കും. കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഞായറാഴ്ച പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം അതത് മണ്ഡലങ്ങളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്.