നവ കേരള സദസിന്റെ ആദ്യ ദിനം വൻ വിജയമെന്ന വിലയിരുത്തലിൽ സർക്കാർ. പ്രതിപക്ഷ എംഎൽഎമാർ കൂടി പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഒരുക്കിയെന്ന് സർക്കാരിൻ്റെ വിലയിരുത്തൽ. സദസിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് മുസ്ലിം ലീഗിൽ ചർച്ചക്ക് തുടക്കമിടാനായെന്നും സർക്കാർ പ്രതീക്ഷ. ലീഗ് നിലപാട് വരും ദിവസങ്ങളിലും നവ കേരള സദസിൽ ചർച്ചയാക്കാൻ ഉറച്ചിരിക്കുകയാണ് മന്ത്രിസഭ.
ഇന്നലെ കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച നവകേരള സദസ് 36 ദിവസം നീളുന്ന യാത്രയിലൂടെ 140 മണ്ഡലങ്ങൾ സന്ദർശിച്ച് തിരുവനന്തപുരത്ത് അവസാനിക്കും. ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. വേദിയിൽ അണിനിരന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സദസ്സും ഒരുമിച്ച് ശുചിത്വ പ്രതിജ്ഞ എടുത്തു. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പരാമ്പരാഗത തുളുനാടൻ ശൈലിയായിരുന്നു സ്വീകരിച്ചത്. വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരമ്പരാഗത തലപ്പാവ് അണിയിച്ചു. ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതം പറഞ്ഞു. റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.