റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നതെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റിവ്യൂ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ എത്തേണ്ടത്. “റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ പുറത്തു വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണെ”ന്നും ഇതേ അഭിപ്രായം താന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണെന്നും മമ്മൂട്ടി പറഞ്ഞു.
നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം അത്. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചാണ് സിനിമ കാണേണ്ടത്. സിനിമ കാണണോ വേണ്ടയോ എന്ന് നമുക്ക് തോന്നണം. എന്നാല്‍, റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും മമ്മൂട്ടി പറഞ്ഞു.