തിരുവനന്തപുരം: ജയില്‍ ഉദ്യോഗസ്ഥര്‍ റിമാന്‍ഡ് തടവുകാരനെ ജയിലില്‍ വെച്ച് പൊള്ളിച്ചതായി പരാതി. തുമ്പ സ്വദേശി ലിയോണിയാണ് ഷര്‍ട്ട് ധരിക്കാതെ കോടതി മുറിയിലെത്തി പൊള്ളിയ പാടുകള്‍ ജഡ്ജിയെ കാട്ടിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സംഭവം.
ഉദ്യോഗസ്ഥര്‍ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചുവെന്നാണ് ആക്ഷേപം. ചികിത്സ നിഷേധിച്ചതായും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കേസിലെ പ്രതിയാണ് ലിയോണ്‍ ജോണ്‍സണ്‍. മറ്റു നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. നവംബര്‍ പത്തിന് ജയിലിലെ വാച്ച് ടവറിന് ഉള്ളില്‍ വച്ച് മൂന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം തിളച്ച വെള്ളമൊഴിച്ചെന്നാണ് ഇയാള്‍ കോടതിയോട് പറഞ്ഞത്. സാരമായി പരിക്കേറ്റ തനിക്ക് ചികിത്സ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.