യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അബിൻ വർക്കി, അരിത ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായും കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ഇന്ന് നടന്ന അഭിമുഖത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
സിപിഐഎമ്മും ബിജെപിയും യൂത്ത് കോൺഗ്രസിന്റെ പുതിയ ടീമിനെ ഭയപ്പെടുന്നുവെന്നും യുവമോർച്ചക്കും ഡിവൈഎഫ്ഐക്കും ഒരേ ഭാഷയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. യൂത്ത് ശക്തമായി ഒരു നേതൃത്വം വരുമ്പോൾ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾ ആശങ്കപ്പെടുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ സംഘടന പരിശോധിക്കുമെന്നും തിരസ്കരിക്കപ്പെട്ട വോട്ടുകൾ വ്യാജ വോട്ടുകൾ അല്ല. കൃത്യമായി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയായിരുന്നു തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത്. പല പരാതികളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച തെളിവുകൾ ഷഹബാസ് വാടേരിയുടെ കയ്യിലുണ്ടെങ്കിൽ ദേശീയ നേതൃത്വത്തിന് മുന്നിൽ ഹാജരാക്കാവുന്നതാണ്. സംഘടനയുടെ ഭാഗമായി നിൽക്കുന്ന ആളുകൾക്ക് ആശങ്കയുണ്ടെങ്കിൽ പരിശോധിക്കുമെന്നും ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും രാബുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.