കണ്ണൂര്‍: നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പഴയങ്ങാടി പൊലീസാണ് കേസെടുത്തത്. വധശ്രമം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്ക് ഹെല്‍മറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് അടിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
ഇന്നലെയാണ് തളിപ്പറമ്പിലേക്കുള്ള നവകേരള സദസ് യാത്രയില്‍ മന്ത്രിസഭയുടെ ബസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷിനെ സിപിഎം പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും വളഞ്ഞിട്ട് തല്ലിയെന്നാണ് പരാതിയില്‍ പറയുന്നത്.