നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി കത്ത്. കോഴിക്കോട് കളക്ടറേറ്റിലേക്കാണ് കത്ത് കിട്ടിയത്. മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരിൽ ലഭിച്ച കത്തിൽ സർക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് പറയുന്നു. ഇതേ തുടർന്ന് കോഴിക്കോട് ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് കോഴികോട് ജില്ലയിലാണ് നവകേരള സദസ് നടക്കുന്നത്. ജില്ലയിലെ 13 നിയമസഭാ മണ്ഡങ്ങളിൽ മൂന്ന് ദിവസങ്ങളിലായാണ് സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടിൽ രാവിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടക്കും. തുടർന്ന്, വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംസാരിക്കും.
രാവിലെ 11 മണിക്ക് നാദാപുരം മണ്ഡലത്തിലെ പരിപാടി കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിലും പേരാമ്പ്ര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 3 മണിക്ക് പേരാമ്പ്ര ഹൈസ്‌കൂൾ ഗ്രൗണ്ടിലുമാണ് നടക്കുക. കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് വൈകിട്ട് 4.30 ന് മേമുണ്ട ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 6 മണിക്ക് വടകര നാരായണ നഗരം ഗ്രൗണ്ടിലും നടക്കും.