കൊല്ലം: മൂന്നു ദിവസം മുമ്പ് തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാര്‍ വീടിന്റെ പരിസരത്ത് കറങ്ങി നടക്കുന്നുണ്ടെന്നും കാറില്‍ നിന്ന് രണ്ടു പേര്‍ തുറിച്ചു നോക്കുന്നുണ്ടെന്നും കുട്ടികള്‍ പറഞ്ഞിരുന്നു. എന്നാല്‍ കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തില്‍ എടുക്കാഞ്ഞതെന്നും കുട്ടിയുടെ അമ്മൂമ്മ പറഞ്ഞു. കാര്‍ വീടിനു സമീപത്ത് നിര്‍ത്തിയിട്ട് കുട്ടികളെ ദിവസവും നിരീക്ഷിച്ചിട്ടുണ്ടാവും എന്നാണ് പറയുന്നത്.
ഓയൂരില്‍ ആറ് വയസുകാരിയെ കാണാതായിട്ട് മണിക്കൂറുകള്‍ പിന്നിടുകയാണ്. കേരളം ഒന്നടങ്കം കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. പണം ആവശ്യപ്പെട്ട് വന്ന രണ്ട് ഫോണ്‍കോളിലും ഒരു രേഖാചിത്രത്തിലും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പൊലീസ് അന്വേഷണം. പള്ളിക്കല്‍ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പൊലീസ് പരിശോധന നടത്തി. പ്രതികളില്‍ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.