ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഇന്ന്. പുലര്‍ച്ചെ 4.30-ന് അഷ്ടമി ദര്‍ശനം ആംരഭിച്ചു. രാത്രി 11നാണ് ഉദയനാപുരത്തപ്പന്റെ വരവ്, ദേവീദേവന്മാര്‍ ഒന്നിച്ച് എഴുന്നള്ളുന്ന അഷ്ടമി വിളക്ക്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് വര്‍ണാഭമായ അഷ്ടമിവിളക്ക് നടക്കും.
3:30നും 4:30-നും ഇടയിലാണ് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കുക. അഷ്ടമി ദിനം പുലര്‍ച്ചെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം നട തുറക്കുമ്പോഴുള്ള ദര്‍ശനമാണ് അഷ്ടമി ദര്‍ശനം. ഉച്ചയ്ക്ക് 12 മണി വരെയാണ് ദര്‍ശനം ഉണ്ടാവുക.
അഷ്ടമിദര്‍ശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം. പടിഞ്ഞാറേ ഗോപുരം വഴി പുറത്തേക്ക് ഇറങ്ങണമെന്നാണ് നിര്‍ദ്ദേശം. ഉദയനാപുരത്തപ്പന്‍ ഉള്‍പ്പെടെയുള്ള ദേവീദേവന്മാര്‍ നാലമ്പലത്തിന്റെ വടക്കുപുറത്ത് സംഗമിച്ചാണ് വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകം ഭക്തന്മാരെ ആകര്‍ഷിക്കുന്നു.
വൈക്കത്തഷ്ടമി പ്രമാണിച്ച് വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.