തിരുവനന്തപുരം: 2020 നും 2022 നും ഇടയില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുതിച്ചുയര്‍ന്നു. അവയില്‍ ഭൂരിഭാഗം കേസുകളും ഭര്‍ത്താക്കന്മാരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉള്ള പീഡനങ്ങളും ക്രൂരതയുമാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 2020ല്‍ 10,139 ആയിരുന്നെങ്കില്‍ 2022ല്‍ 15,213 ആയി. 15,213 കേസുകളില്‍ 4,998 എണ്ണം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 498 എ പ്രകാരം ഭര്‍ത്താവോ ബന്ധുക്കളോ ക്രൂരമായി പെരുമാറിയതാണ്.
2022-ലെ കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന (പോക്സോ) നിയമപ്രകാരം 2,957 കേസുകള്‍ ഉണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ 5,269 കേസുകളുമായി ചേര്‍ന്ന്, 2022 ല്‍ പോലീസ് അന്വേഷിച്ച സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ആകെ കേസുകള്‍ 20,528 ആയിരുന്നു. ഇതില്‍ 15,782 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു, 6,792 എണ്ണത്തില്‍ അന്വേഷണം തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു.