സെന്‍ട്രല്‍ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ സോജില ചുരത്തില്‍ നിന്ന് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 മലയാളികള്‍ക്ക് ദാരുണാന്ത്യം. സോനാമാര്‍ഗിലേക്കുള്ള യാത്രാമധ്യേ വാഹനം റോഡില്‍ നിന്ന് തെന്നിമാറി സോജില ചുരത്തിലെ അഗാധമായ കൊക്കയിലേക്ക് മറിയുകയായിരുന്നു. പാലക്കാട് സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കശ്മീര്‍ സ്വദേശിയും ഡ്രൈവറുമായ ഐജാസ് അഹമ്മദ് അവാനും അപകടത്തില്‍ മരിച്ചു.
പരിക്കേറ്റവരെ വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സൗരയിലേക്ക് മാറ്റി. മൈനസ് പോയിന്റിലേക്കുള്ള യാത്രയിലായിലാണ് അപകടം നടന്നത്. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. 13 പേര്‍ രണ്ട് വണ്ടിയിലായാണ് കയറിയതെന്നും ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന സമാനമായ സംഭവത്തില്‍ ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ കത്ര ബെല്‍റ്റില്‍ വാഹനം റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ് ഏഴുവയസ്സുള്ള കുട്ടി മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.