തിരുവനന്തപുരം: കണ്ണുകള്‍ക് വിസ്മയമേകി കനകക്കുന്നില്‍ സാക്ഷാല്‍ ചന്ദ്രനെത്തി. ലോകപ്രശസ്ത ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂണാണ് കാണികള്‍ക്ക് അത്ഭുതമായി കനകക്കുന്നില്‍ ഉയര്‍ത്തിയത്. നിരവധി ആളുകളാണ് മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തില്‍ തിളങ്ങുന്ന ചന്ദ്രനെ കാണാനായി എത്തുന്നത്. ജനുവരിയില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് 23 അടി വ്യാസമുള്ള തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപം പ്രദര്‍ശിപ്പിച്ചത്.
മ്യൂസിയം ഓഫ് മൂണ്‍ എന്ന ഈ കൃത്രിമ ചന്ദ്രന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ചന്ദ്രനുമായി ഏറെ സാമ്യമുള്ള ഈ കൃത്രിമ ചന്ദന്‍ മനോഹരമായ ദൃശ്യവിരുന്നാണ് കാണികള്‍ക്ക് സമ്മാനിക്കുന്നത്. നാസയില്‍ നിന്നു ലഭ്യമാക്കിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളും ഈ ചന്ദ്രനില്‍ നല്‍കിയിട്ടുണ്ട്. രാത്രി ഏഴു മണി മുതലാണ് ചന്ദ്രനെ കാണാന്‍ സാധിക്കുക. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലില്‍ ഈ കൃത്രിമ ചന്ദ്രന്‍ സ്ഥിരം പ്രദര്‍ശന വസ്തുവായിരിക്കും.