Newsperseconds.com

പത്താം ക്ലാസ് പാസാവണം; ആഗ്രഹമറിയിച്ച് നടന്‍ ഇന്ദ്രന്‍സ്; എന്നാല്‍ വില്ലനായി ഏഴാം ക്ലാസ് കടമ്പ

Capture

തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസം തുടരാന്‍ ഉദ്ദേശിച്ച നടന്‍ ഇന്ദ്രന്‍സിന് മുന്നില്‍ ഏഴാം ക്ലാസ് കടമ്പ. പത്താം ക്ലാസ് പൂര്‍ത്തിയാക്കണമെന്നത് താരത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച തനിക്ക് പത്താം ക്ലാസ് തുല്യതാ ക്ലാസിന് ചേരാന്‍ കഴിയില്ലെന്നത് വലിയ സങ്കടമുണ്ടാക്കിയെന്ന് താരം പങ്കു വെച്ചു.

കുട്ടിക്കാലത്തെ ജീവിതസാഹചര്യം കാരണമാണ് നാലാം ക്ലാസില്‍ പഠനം നിര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ താരത്തിന് പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതണമെന്നുണ്ട്. പക്ഷേ സാക്ഷരതാ മിഷന്റെ ചട്ടപ്രകാരം ഏഴാം ക്ലാസ് ജയിച്ചാല്‍ മാത്രമേ പത്തില്‍ പഠിക്കാനാവു.

വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ പലയിടങ്ങളില്‍ നിന്നും താന്‍ മാറി നിന്നിട്ടുണ്ടെന്നും ആ പേടി മാറ്റാന്‍ കൂടിയാണ് ഇപ്പോള്‍ തുല്യതാ പഠനത്തിന് ചേരുന്നതെന്നും താരം പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് നവകേരളസദസിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താല്‍പര്യം അറിയിച്ചതും പത്താം ക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും.

പക്ഷേ പത്താം ക്ലാസ് ജയിക്കുക എന്ന താരത്തിന്റെ മോഹം അല്‍പം വൈകിയേക്കും. കാരണം നാലാം ക്ലാസ് പാസായ ഇന്ദ്രന്‍സിന് സാക്ഷരതാ മിഷന്റെ ബൈലോ പ്രകാരം ഏഴാം ക്ലാസിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കാനാകൂ എന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എട്ട് മാസമാണ് ഏഴാം ക്ലാസ് തുല്യത പഠനത്തിന്റെ കാലയളവ്. ജനുവരി ആദ്യ ആഴ്ചയിലായിരിക്കും ക്ലാസ് തുടങ്ങിയേക്കുക. തുടര്‍ന്ന് താരത്തിന് തന്റെ പത്താം ക്ലാസ് മോഹം സഫലീകരിക്കാം.

Share this Article

Leave a Comment