ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് രാവിലെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പ് എല്ലാം പൂർത്തിയാക്കി. കസ്റ്റഡിയിൽ വാങ്ങിയശേഷം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയായിരുന്നു അന്വേഷണസംഘത്തിന്റെ ലക്ഷ്യം. കൂടാതെ പ്രതികളുടെ കൈയെഴുത്ത് പരിശോധനയും നടത്തി.
നവംബർ 27 വൈകിട്ട് ആയിരുന്നു ആറ് വയസ്സുകാരിയെ ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. കേസിൽ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവർ പൊലീസിന്റെ പിടിയിലായി. ഇതിൽ യൂട്യൂബർ കൂടിയായ അനുപമയുടെ സമൂഹമാധ്യമ വിവരങ്ങൾ പൊലീസ് പ്രത്യേകം പരിശോധിച്ചു വരികയാണ്. പ്രതി അനുപമയ്ക്ക് സമൂഹമാധ്യമങ്ങളിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് ഉണ്ട്. കേസിൽ ഉടനെ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.