മാവേലിക്കരയിൽ ആറ് വയസുകാരി മകളെ മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ആത്മഹത്യ ചെയ്തു. വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു.
ആറ് വയസ്സുള്ള മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീമഹേഷ്. വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് ഉച്ചയ്ക്ക് 2.50 നായിരുന്നു സംഭവം. മൂത്രം ഒഴിക്കാൻ വേണ്ടിയെന്ന് പറഞ്ഞാണ് ഇയാൾ പോയത്. രണ്ട് പൊലീസുകാരെ തള്ളി മാറ്റി മെമു ട്രെയിനിൽ നിന്ന് ശ്രീമഹേഷ് ചാടുകയായിരുന്നു.
മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പുന്നമൂട് ആനക്കൂട്ടില്‍ വീടിന്റെ സിറ്റൗട്ടില്‍ ടാബിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നക്ഷത്രയെ ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കട്ടിലിനടിയിൽ ഒളിപ്പിച്ച മഴു ഉപയോഗിച്ച് ശ്രീമഹേഷ്, കൊലപ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായി അവിടേക്ക് കയറിച്ചെന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദയേയും ഇയാള്‍ ആക്രമിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.